ഒതേനപ്പെരുവണ്ണാന്‍ അന്തരിച്ചു

പ്രശസ്ത തെയ്യം കലാകാരനും, തോറ്റം പാട്ടിലെ കുലപതിയുമായിരുന്ന കീഴറ ഒതേന പെരുവണ്ണാന്‍ 16.2.2007 (കുംഭം 6ന്) അന്തരിച്ചു. കീഴറക്കാര്‍ ഓര്‍മ്മവെച്ച നാള്‍ മുതല്‍ അദ്ദേഹത്തിന്റെ തോറ്റം പാട്ടുകേട്ട് വളര്‍ന്നവരായിരുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട കീഴറ കൂലോത്തെ ഈ വര്‍ഷത്തെ കളിയാട്ടത്തിന്റെ എല്ലാ തോറ്റവും ഒതേനപെരുവണ്ണാന്‍ തന്നെ പാടിയിരുന്നു. കടുത്ത വെയിലിനെയും മഞ്ഞിനെയും വകവെക്കാതെ, പ്രായത്തെ മറന്ന് ആ മഹാനായ കലാകാരന്‍ തോറ്റം പാടുന്നതു കണ്ട് നിന്നവര്‍ക്ക് അത്ഭുതമായിരുന്നു. കളിയാട്ടത്തിന്റെ അവസാന ദിനം അരിയെറിയല്‍ ചടങ്ങ് ആരംഭിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹം തളര്‍ന്നു വീണത്.
1960ല്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ദില്ലിയില്‍ തെയ്യം അവതരിപ്പിച്ചിരുന്നു പെരുവണ്ണാന്‍. അകാലത്തില്‍ പൊലിഞ്ഞു പോയ തന്റെ പുത്രന്‍ ഡോ.ശിവരാജിന്റെ വിയോഗ സമയത്തുപോലും കരഞ്ഞുകൊണ്ട് കളിയാട്ടത്തില്‍ ഒതേന പെരുവണ്ണാന്‍ പങ്കെടുത്തത് കീഴറ നിവാസികള്‍ മറക്കില്ല. അധികമാര്‍ക്കും അറിഞ്ഞു കൂടാത്ത ഗന്ധര്‍വ്വന്‍ പാട്ടും, കുറുന്തിനിപാട്ടും അദ്ദേഹത്തിനു ഹൃദിസ്ഥമായിരുന്നു. നിരവധി ഗവേഷകര്‍ക്കു വഴികാട്ടിയായിരുന്നു പെരുവണ്ണാന്‍. ഡോ. വിഷ്ണു നമ്പൂതിരി, ഡോ.എ.കെ.നമ്പ്യാര്‍ തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തില്‍ നിന്നും തോറ്റം പാട്ടുകളും മറ്റ് വിവരങ്ങളും ശേഖരിച്ചിരുന്നു.
തനിക്കു 91 വയസ്സ് പൂര്‍ത്തിയാകുന്ന കുംഭം 6ന് തന്നെ അദ്ദേഹം ഒരുപാടോര്‍മ്മകള്‍ ബാക്കിയാക്കി യാത്രയായി.
3 Comments:
തനിക്കു 91 വയസ്സ് പൂര്‍ത്തിയാകുന്ന കുംഭം 6ന് തന്നെ ഒതേനപെരുവണ്ണാന്‍ ഒരുപാടോര്‍മ്മകള്‍ ബാക്കിയാക്കി യാത്രയായി.
ഒതേനപ്പെരുവണ്ണന്‍ റെ മരണം തീരാ നഷ്ടം തന്നെ.
നാടന്‍ കലകളുടെ ഉസ്താദ് എന്നു തന്നെ അദ്ദേഹത്തെ വിളിക്കാം.
നാടന്‍ കലാ വിദ്യാര്‍ത്ഥികള്‍ക്കും തോറ്റം കലാകാരന്‍ മാര്‍ക്കും ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് ഒതേന പെരുവണ്ണാന്‍.
അദ്ദേഹത്തിന്റെ മരണം ഒരു തീരാ നഷ്ടം തന്നെ.
91 വയസ്സ് പൂര്‍ത്തിയാകുന്ന കുംഭം 6ന് തന്നെ മരിച്ചതും 'ജന്മദിനവും മരണ മുഹൂര്‍ത്തവും' http://paleri.blogspot.com/2007/01/blog-post_28.html തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ
Post a Comment
<< Home