കീഴറ വിശേഷങ്ങള്‍

Tuesday, December 26, 2006

കീഴറ കൂലോം



കൂലോം എന്ന പദം കോവിലകം ലോപിച്ചുണ്ടായതാണ്‌. മടിയന്‍ കൂലോം, ഉദിനൂര്‍ കൂലോം, തെക്കുമ്പാട്‌ കൂലോം എന്നിവയാണ്‌ പ്രധാന കൂലോങ്ങള്‍. കീഴറ കൂലോത്തെ പ്രധാന ആരാധനാമൂര്‍ത്തി കോലസ്വരൂപത്തിങ്കല്‍ തായി അഥവാ തായിപ്പരദേവതയാണ്‌. ത്രിഗുണാംബിയായ തായ്‌ പരദേവതയുടേതാണ്‌ ഇവിടുത്തെ പ്രതിഷ്ട. ക്ഷേത്രപാലന്‍ ഇവിടെ അന്തര്‍മൂര്‍ത്തിയാണ്‌.ഈ ക്ഷേത്രത്തിന്‌ 725 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ആദ്യ കാലത്ത്‌ ബ്രാഹ്മണരുടെ കൈവശവും പിന്നീട്‌ ക്ഷത്രിയാധിപത്യത്തിനു കീഴിലും ആയിരുന്നുവെന്നും പറയപ്പെടുന്നു. വേറിട്ടു നില്‍ക്കുന്ന അനുഷ്ടാനങ്ങളും, ആചാര രീതികളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മീനമൃതുവരവ്‌, അരിയെറിയല്‍, ഇളംകോലങ്ങള്‍ക്കു മുടിയെറിയല്‍ തുടങ്ങിയവ സവിശേഷതയാര്‍ന്ന ചടങ്ങുകളാണ്‌. എല്ലാ വര്‍ഷവും കുംഭം 2 മുതല്‍ 7 വരെയാണ്‌ ഇവിടെ കളിയാട്ടം നടന്നു വരുന്നത്‌. ചിറക്കല്‍ കോവിലകം ദേവസ്വത്തിനു കീഴിലാണ്‌ ഈ മഹാക്ഷേത്രം. ഇവിടുത്തെ ആഘോഷപരിപാടികള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കീഴറ ക്ഷേത്രോത്സവ കമ്മിറ്റിയാണ്‌ നടത്തി വരുന്നത്‌.

കീഴറ കൂലോംപ്രധാന ചടങ്ങുകളും തെയ്യങ്ങളും:

കുംഭം 2 (ഫെബ്രുവരി 14):- ശങ്കര ശ്രീ മഞ്ഞാളിയമ്മ

കുംഭം 3 (ഫെബ്രുവരി 15):- കാഴ്ച വരവ്‌, ദിക്ക്‌ കലശം.ദൈവചേകോന്‍

കുംഭം 4 (ഫെബ്രുവരി 16):- ദിക്ക്‌ കലശംപുലിയൂര്‌ കണ്ണന്‍, വേട്ടയ്ക്കൊരു മകന്‍ തോറ്റം

കുംഭം 5 (ഫെബ്രുവരി 17):- മീനമൃത്‌, തട്ട്‌ വരവ്‌വേട്ടയ്ക്കൊരുമകന്

‍കുംഭം 6 (ഫെബ്രുവരി 18):- മീനമൃത്‌, കൊടിയില തോറ്റം, അരിയെറിയാന്‍ പോകല്‍, തട്ട്‌ വരവ്‌, ഇളംകോലങ്ങള്‍ (പരദേവത, ക്ഷേത്രപാലന്‍)

കുംഭം 7 (ഫെബ്രുവരി 19):- തായ്‌ പരദേവത, ക്ഷേത്രപാലന്‍തെയ്യം പാടി കുടികൊട്ടല്‍, അരിയും പൂവും ചൊരിയല്‍.

(കുംഭം 2 മുതല്‍ 5 വരെ എല്ലാ ദിവസവും പരദേവതയുടെയും ക്ഷേത്രപാലന്റെയും ഉച്ചത്തോറ്റവും അന്തിതോറ്റവും ഉണ്ടായിരിക്കും)

Saturday, December 23, 2006

കീഴറ...


കീഴറ...കണ്ണൂര്‍ ജില്ലയില്‍, കണ്ണൂര്‍ താലൂക്കില്‍, കണ്ണപുരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡാണീ കീഴറ. ഞങ്ങളും മറ്റ്‌ ഉത്തര മലബാറുകാരെപോലെ മുഴുവന്‍ അക്ഷരങ്ങളും പറയാറില്ല. ക്‌....റ എന്നാണു കീഴറയുടെ (ഞങ്ങളുടെ) ഉച്ചാരണം. പേര്‍ പോലെ തന്നെ ഒരു കീഴ്‌ അറ തന്നെയാണീ കീഴറ. 3 ഭാഗവും കുന്നുകളാലും ഒരു ഭാഗം പുഴയാലും ചുറ്റപ്പെട്ട ഒരു തനി നാടന്‍ ഗ്രാമം. കീഴറ കൂലോം ഭഗവതിയാണു ഞങ്ങളെ കാത്തു രക്ഷിച്ചു വരുന്നത്‌. വളരെ ലളിത ജീവിതം നയിച്ചു പോന്നവരായിരുന്നു ഈ നാട്ടിലെ ജനങ്ങള്‍. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായിരുന്നു ഈ നാട്ടിലെ ഭൂരിഭാഗവും. സാമുദായികമായി നോക്കിയാല്‍ ഇവിടെ തീയ്യ-നമ്പ്യാര്‍-പുലയ സമുദായക്കാരാണിവിടെ ഏറെയും. എന്നാല്‍ മറ്റ്‌ എല്ലാ സമുദായത്തില്‍പെട്ടവരും ഇവിടെ ഉണ്ട്‌. കീഴറ കൂലോത്തെ കളിയാട്ടം എല്ലവരും ഒത്തൊരുമയോടെ ആഘോഷിച്ചു വരുന്നു. എല്ലാ വര്‍ഷവും കുംഭം 2 മുതല്‍ 7 വരെ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. കൂലോം കൂടാതെ പുതിയ ഭഗവതി കാവ്‌, ആച്ചനാട്ട്‌ മഹദേവ ക്ഷേത്രം, പുളിത്തറമ്മല്‍, മാത്തറമ്മല്‍ തുടങ്ങി വേറെയും ആരാധനാലയങ്ങള്‍ കീഴറയിലുണ്ട്‌.